തമിഴ് ചരിത്രത്തിലും ജനകീയ സംസ്‌കാരത്തിലും വിശ്വാസവഞ്ചനയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന എട്ടപ്പന്‍ എന്ന ചരിത്ര കഥാപാത്രത്തെയും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു. ഡിലിമിറ്റേഷനെ പിന്തുണയ്ക്കുന്നവര്‍ '21-ാം നൂറ്റാണ്ടിലെ എട്ടപ്പന്‍മാരാണ്' എന്ന് അദ്ദേഹം വിമര്‍ശിച്ചു.
'ഒരു തമിഴനും ഡിലിമിറ്റേഷനെ പിന്തുണയ്ക്കാന്‍ പാടില്ല. ഓരോ തമിഴനും അതിനെ എതിര്‍ക്കണം. എല്ലാ തമിഴ് പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളും പാര്‍ലമെന്റില്‍ ഈ നീക്കത്തെ പരാജയപ്പെടുത്തണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 വരെ വര്‍ധിപ്പിക്കാനും നാരി ശക്തി വന്ദന്‍ അധിനിയം, 2023 പ്രകാരമുള്ള നിയമസഭകളിലെ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുമുള്ള ഭരണഘടന (131-ാം ഭേദഗതി) ബില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രീയ ലയനങ്ങളും കൂറുമാറ്റങ്ങളും നടന്നതോടെ ബില്ലിന് ആവശ്യമായ ഭരണഘടനാ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തമായതായി റിപ്പോര്‍ട്ടുകളുണ്ട്. വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗസംഖ്യ വര്‍ധിപ്പിക്കലുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഏപ്രിലില്‍ നടന്ന ലോക്‌സഭയുടെ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. അതിനുശേഷം നാല് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 37 എം പിമാര്‍ ഭരണപക്ഷത്തേക്ക് ചേക്കേറിയത് 1985-ല്‍ കൂറുമാറ്റ നിരോധന നിയമം നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ കൂറുമാറ്റമായി വിലയിരുത്തപ്പെടുന്നു.
നിലവില്‍ മൂന്ന് ഒഴിവുകള്‍ ഉള്‍പ്പെടെ ലോക്‌സഭയില്‍ 540 അംഗങ്ങളാണുള്ളത്. ഇവരില്‍ രണ്ട് എം പിമാര്‍ ജയിലിലാണ്. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നിലവിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ 360 വോട്ടാണ്. ഏപ്രിലിലെ വോട്ടെടുപ്പില്‍ 528 അംഗങ്ങള്‍ പങ്കെടുത്തതോടെ അന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 352 വോട്ടുകള്‍ ആവശ്യമായിരുന്നു. അന്ന് സര്‍ക്കാരിന് 298 വോട്ടും പ്രതിപക്ഷത്തിന് 230 വോട്ടുമാണ് ലഭിച്ചത്.
അന്ന് എന്‍ ഡി എയ്ക്ക് 293 ലോക്‌സഭാ അംഗങ്ങളുണ്ടായിരുന്നെങ്കില്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിലെയും ശിവസേന (യു ബി ടി)യിലെയും പിളര്‍പ്പുകളെ തുടര്‍ന്ന് ആ സംഖ്യ 319 ആയി ഉയര്‍ന്നു. എന്‍ സി പി (എസ് പി) ബില്ലിനെ പിന്തുണച്ചാല്‍ എന്‍ ഡി എയുടെ അംഗബലം 327 ആയി ഉയരുമെങ്കിലും ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ഇനിയും 33 വോട്ടുകളുടെ കുറവുണ്ടാകും. മറ്റ് പാര്‍ട്ടികളുടെ പിന്തുണയും വോട്ടെടുപ്പിലെ വിട്ടുനില്‍പ്പും ഉറപ്പാക്കി ഈ വിടവ് നികത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.
അതേസമയം, ഡിലിമിറ്റേഷന്‍ നടപടിയിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകരുതെന്ന വ്യവസ്ഥയില്‍, കോണ്‍ഗ്രസുമായുള്ള അഭിപ്രായഭിന്നതകള്‍ക്കിടയിലും ഡി എം കെ നിര്‍ദിഷ്ട ബില്ലിനോടുള്ള നിലപാട് മയപ്പെടുത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.