ഹൂസ്റ്റൺ: സീറോമലബാർ സഭയുടെ മേജർ ആർച്ച്‌ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം സന്ദർശിച്ച മേജർ ആർച്ച്‌ബിഷപ് മാർ റാഫേൽ തട്ടിലിന് ഇടവകസമൂഹം പ്രൗഢഗംഭീര സ്വീകരണം നൽകി. തൃശൂർ അതിരൂപതാ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് ആനയിച്ച വിശിഷ്ടാതിഥികളെ വികാരി ഫാ. അബ്രാഹം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, ട്രസ്റ്റി ജെയിംസ് വടക്കേക്കര എന്നിവർ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ദൈവാലയത്തിൽ പ്രവേശിച്ച പിതാക്കന്മാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയുടെ പ്രവേശന പ്രദക്ഷിണത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ, മതബോധന അധ്യാപകർ, അൾത്താര ശുശ്രൂഷകർ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ആമുഖപ്രസംഗത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയിൽ 25 വർഷത്തിലേറെയായി മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന ഫാ. ഏബ്രാഹം മുത്തോലത്തിനെ അഭിനന്ദിച്ചു.
രൂപതയുടെ പ്രഥമ വികാരി ജനറാളായി 12 വർഷം അദ്ദേഹം നിർവഹിച്ച സ്തുത്യർഹമായ ശുശ്രൂഷകളെയും ബിഷപ് അനുസ്മരിച്ചു. കൂടാതെ, അമേരിക്കയിലെ ഷെക്കീന ഗ്ലോബൽ ന്യൂസിന്റെ ചാപ്ലെയിനായും ഫാ. മുത്തോലത്തിനെ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. സ്വാഗതപ്രസംഗത്തിൽ ഫാ. അബ്രാഹം മുത്തോലത്ത്, ഹൂസ്റ്റണിൽ ഷെക്കീന ഗ്ലോബൽ ന്യൂസിനായി 12 ഏക്കർ സ്ഥലം സ്വന്തമാക്കുകയും അവിടെ ആരാധനാ ചാപ്പൽ, ടെലിവിഷൻ റെക്കോർഡിങ് സ്റ്റുഡിയോ, ഓഫീസ് സൗകര്യങ്ങൾ, താമസസൗകര്യം എന്നിവ ഒരുക്കുകയും ചെയ്ത ബ്രദർ സന്തോഷ് കരുമത്രയെ പ്രത്യേകം അഭിനന്ദിച്ചു. 2026 ജൂലൈ 13-ന് ഈ ആധുനിക സൗകര്യങ്ങളുടെ ആശീർവാദം നിർവഹിക്കാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് മേജർ ആർച്ച്‌ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ജോയ് ആലപ്പാട്ട്, ഫാ. ഫ്രാൻസിസ് ഇലവുത്തുങ്കൽ, ഫാ. ഏബ്രാഹം മുത്തോലത്ത്, ഫാ. റോയി മൂലേച്ചാലിൽ, ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു. ഐക്യം കാത്തുസൂക്ഷിക്കുന്നതിലും പുരാതനമായ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിലും ക്നാനായ സമൂഹം നൽകുന്ന വിലയേറിയ സംഭാവനകളെ മേജർ ആർച്ച്‌ബിഷപ്പ് തന്റെ വചനസന്ദേശത്തിൽ പ്രശംസിച്ചു. ക്നാനായ സമുദായത്തിന്റെ ന്യായമായ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വായനക്കാർക്കായി / Recommended for You

















-20260119112235.webp)





പാക് സൈനിക മേധാവി തെഹ്റാനില്‍; സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമെന്ന് ഇറാന്
മദ്യനയം: പൊതുജനാഭിപ്രായം തേടണം
കെഎല്‍സിഡബ്ല്യുഎ വരാപ്പുഴ അതിരൂപത ഭാരവാഹികള്‍ ചുമതലയേറ്റു